മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തിനെതിരെ നടക്കുന്ന ഹെയിറ്റ് ക്യാംപെയിനുകള്ക്കെതിരെ പ്രതികരണവുമായി നടന് ഹരീഷ് പേരടി. മോഹന്‍ലാല്‍ എന്ന നടന് തന്റെ 43 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള നിരവധി ഹെയിറ്റ് ക്യാംപെയിനുകള്‍ വലിച്ച് താഴെ ഇട്ടിട്ടുണ്ടെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഹരീഷ് പേരടി പറഞ്ഞത് :
43 വര്‍ഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിന് എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്…ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്..ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്ക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയ്യറ്ററില്‍ എത്താന്‍ തുടങ്ങി…ഇനി വാലിബന്റെ തേരോട്ടമാണ്…ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക …കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25നാണ് തിയേറ്ററിലെത്തിയത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.