ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നിക്ക് വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മഅദ്നിക്ക് നിരുപരാധികം മാപ്പ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് കത്തിൽ കട്ജു അഭ്യർത്ഥിച്ചു.
22 വർഷം മഅദ്നി ജയിലിൽ കിടന്നു. ഒരു കാലില്ലാത്ത മഅദ്നിക്ക് വീൽ ചെയറിൻ്റെ സഹായമില്ലാതെ ഒന്ന് നീങ്ങാൻ പോലും സാധിക്കില്ലെന്നും വൃക്ക സംബന്ധമായ അസുഖങ്ങളുള്ള മഅദ്നിയുടെ ആരോഗ്യനില മോശമാണെന്നും ഡയാലിസസ് ആവശ്യമാണെന്നും അദ്ദേഹത്തിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച പകുതി പോയെന്നും കത്തിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ചൂണ്ടിക്കാട്ടുന്നു.
മഅദ്നിയുടെ പിതാവ് കിടപ്പ് രോഗിയാണെന്ന കാര്യം കൂടി ഈ ഘട്ടത്തിൽ കർണാടക സർക്കാർ പരിഗണിക്കണം. മഅദ്നി കുറ്റക്കാരനാണെങ്കിൽ പോലും വേണ്ടത്തിലധികം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ കട്ജു പറയുന്നു. നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് കോടതിയുടെ അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ ഇരുപത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ ഇത്രയും പണം നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന നിലപാട് മഅദ്നി സ്വീകരിച്ചു.