കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ തമിഴ്നാട്ടിലെ കരൂരില്‍ നിന്ന് വീടുവിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. വെല്ലൂര്‍ കാട്പാടി റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് 13 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംശയം തോന്നിയ റെയില്‍വേ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ ബിടിഎസ് ഗായക സംഘത്തെ കാണാന്‍ പോയതാണെന്ന വിവരം ലഭിക്കുന്നത്.
വ്യാഴാഴ്ചയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. കൈയ്യില്‍ 14,000 രൂപയാണ് ഉണ്ടായിരുന്നത്. ട്രെയിന്‍ മാര്‍ഗം ഈറോഡ് ചെന്നൈയില്‍ എത്തി. അവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോയി കപ്പല്‍ മാര്‍ഗം ദക്ഷിണ കൊറിയയില്‍ എത്താനാണ് കുട്ടികള്‍ പദ്ധതിയിട്ടത്.
കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. തുടര്‍ന്ന് മൂവരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുട്ടികളെ വെല്ലൂര്‍ ബാലക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കൗണ്‍സിലിങ്ങിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും.