ഫോബ്സിന്റെ ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ പട്ടികയിൽ മികച്ച നേട്ടവുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. ഫോബ്സ് പുറത്തുവിട്ട 100 അതിസമ്പന്നരുടെ പട്ടികയിൽ ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് 25,606 കോടി രൂപ ആസ്തിയുമായി ഇന്ത്യയിൽ 69ാം സ്ഥാനത്താണ്. അതിസമ്പന്നരായ മലയാളികളുടെ ലിസ്റ്റിൽ നാലാമതാണ് ജോയ് ആലുക്കാസ്.
1988ൽ സ്ഥാപിതമായ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ആലുക്കാസ് വർഗീസ് ജോയ്. 2018-ൽ ഫോർബ്സ് മിഡിൽ ഈസ്റ്റ് ജോയ് ആലുക്കാസിനെ മേഖലയിലെ മികച്ച ഇന്ത്യൻ നേതാക്കളിൽ ഉൾപ്പെടുത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് ദുബായ് ക്വാളിറ്റി അപ്രീസിയേഷൻ അവാർഡും യുഎഇ സാംസ്കാരിക, യുവജന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനിൽ നിന്ന് ‘ബിസിനസ് എക്സലൻസ് അവാർഡും’ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്.
മലയാളികളില് ഏറ്റവും സമ്പന്നന് ലുലു ഗ്രൂപ്പ് ചെയര്മാൻ എം എ യൂസഫലി ആണ്. ഇന്ത്യയിൽ 35ാം സ്ഥാനമുള്ള യൂസഫലിക്ക് 43,200 കോടിയാണ് ആസ്തി. മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത് മുത്തൂറ്റ് കുടുംബമാണ്. 405 കോടി ഡോളറിന്റെ (33,453 കോടി രൂപ) ആസ്തിയുമായി ഇന്ത്യൻ സമ്പന്നരിൽ 45-ാം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളത്. 360 കോടി ഡോളർ (29,736 കോടി രൂപ) ആസ്തിയുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ മൂന്നാമതും, ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (25,193 കോടി രൂപ) അഞ്ചാമതുമാണ്. ഇന്ത്യൻ സമ്പന്നരിൽ ബൈജു രവീന്ദ്രൻ 54-ാം സ്ഥാനത്തും ജോയ് ആലുക്കാസ് 69-ാം സ്ഥാനത്തും ക്രിസ് ഗോപാലകൃഷ്ണൻ 71-ാം സ്ഥാനത്തും ഇടം നേടി.
ഇന്ത്യയിൽ പട്ടികയിലെ ഒന്നാമൻ ഗൗതം അദാനിയാണ്. 12 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 8800 കോടി ഡോളറാണ്.