കേന്ദ്രമന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയ ജോൺ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്റെ നോട്ടീസ്. കാരണം കാണിക്കൽ ആവശ്യപ്പെട്ടാണ് ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധൻകാർ നോട്ടീസ് നൽകിയത്. ലേഖനത്തിലെ പരാമർശം രാജ്യദ്രോഹപരമാണെന്ന് കാണിച്ചായിരുന്നു നോട്ടീസ്.
ബ്രിട്ടാസിനെ നേരിട്ട് വിളിച്ച് വരുത്തിയായിരുന്നു നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം കേട്ട ശേഷമായിരുന്നു ഉപരാഷ്ട്രപതി നോട്ടീസ് നൽകിയത്.
ഫെബ്രുവരി 20 ന് ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിലെഴുതിയ ലേഖനത്തിനെതിരെ ബിജെപി നേതാവ് പി സുധീർ നൽകിയ പരാതിയെത്തുടർന്നാണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.
എന്നാൽ ഒരു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിന് തനിക്കെതിരെ നോട്ടീസ് നല്കിയത് വിചിത്ര സംഭവാവമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണത്തിനെതിരെയാണ് താൻ ലേഖനമെഴുതിയതെന്നും അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കേരള മുഖ്യ മന്ത്രിയുൾപ്പടെ പ്രതികരിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് താനത് എഴുതിയത്; അതിന്റെ പേരിലുള്ള നടപടി വിചിത്രവും തന്നെ അത്ഭുതപ്പെടുത്തുന്നതുമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടാസ് കാര്യങ്ങൾ വിശദീകരിച്ചത്.