വാർത്താ സമ്മേളനം പൂർത്തിയാക്കാതെ പലതവണ ഇറങ്ങി പോയിട്ടുള്ളയാളാണ് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ബൈഡൻ ഇറങ്ങിപ്പോയി. ഇത് വൻ വിമർശനങ്ങൾക്ക് ഇടയാക്കി.
വാർത്താ സമ്മേളനത്തിൽ യു എസിന്റെ ചരിത്രപരമായ സാമ്പത്തിക സ്ഥിതി സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിങ് സംവിധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈഡൻ പറഞ്ഞു. ഉടൻ തന്നെ ബാങ്ക് തകർന്നത് എന്തുകൊണ്ടാണ് എന്നതിനെ പറ്റി ബൈഡന് എന്തെല്ലാം അറിയാം എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചു. ഇത് ഇനി ഉണ്ടാവില്ലെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകാൻ സാധിക്കുമോ എന്നും റിപ്പോർട്ടർ കൂട്ടിച്ചേർത്തു.
എന്നാൽ ചോദ്യം കേട്ട അടുത്ത നിമിഷം ബൈഡൻ വാർത്താസമ്മേളനം നിർത്തി ഇറങ്ങിപ്പോയി. ആ സമയത്ത് മറ്റേതെങ്കിലും ബാങ്ക് കൂടി തകരുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിക്കുന്നതായും കേൾക്കാം. ഒന്നിനും മറുപടി നൽകാതെയാണ് പ്രസിഡന്റ് മുറി വിട്ടുപോയത്. അതേസമയം സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
"Can you assure Americans that there won't be a ripple effect? Do you expect other banks to fail?"
BIDEN: *shuts door* pic.twitter.com/CNuUhPbJAi
— RNC Research (@RNCResearch) March 13, 2023
ഇതിന് മുൻപ് ചൈനയുടെ ചാര ബലൂൺ സംബന്ധിച്ച വാർത്താ സമ്മേളനത്തിന് ഇടയിലും ബൈഡൻ ഇറങ്ങി പോയിരുന്നു. കൂടാതെ കഴിഞ്ഞ വർഷം കൊളംബിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ടിരിക്കുന്ന ബൈഡന്റെ വിഡിയോ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.