ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചു. മൃതദേഹങ്ങള്‍ ചിറ്റൂരിലെ ടെക്നിക്കല്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ ശ്രീനഗറില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. വിമാനമാര്‍ഗമാണ് എത്തിച്ചത്.
ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഗ്നേഷ് (22) എന്നിവരാണ് കശ്മീരിലെ സോജില ചുരത്തില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്. രണ്ട് കാറുകളിലായി 13 പേരാണ് കശ്മീരിലേക്ക് യാത്ര പോയത്. ഇതില്‍ ഒരു വാഹനം അപകടത്തില്‍ പെടുകയായിരുന്നു.
ഡ്രൈവറടക്കം എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഡ്രൈവറായ കശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും കൊല്ലപ്പെട്ടിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സൗറയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോജ് മാധവന് എന്നയാളുടെ നിലയില്‍ പുരോഗതിയില്ല. ഇയാള്‍ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മനോജിന്റെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.