എലിസബത്ത് രാഞ്ജിയുടെ മരണശേഷം ഹ്രസ്വകാലത്തേക്ക് റിപ്പബ്ലിക് ആവാനുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ വ്യക്തമാക്കി. എന്നാൽ പസഫിക് രാഷ്ട്രം അവസാനം ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഡേൺ പറഞ്ഞു.
“നമ്മൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.റിപ്പബ്ലിക് ആവുക എന്നത് പെട്ടന്ന് തീരുമാനിക്കേണ്ട കാര്യമല്ല. അതൊരു പ്രധാനപ്പെട്ട ചർച്ചയാണ്.” ബ്രിട്ടീഷ് രാജാവിൻ്റെ മാറ്റം രാജ്യത്ത് റിപബ്ലിക്കനിസത്തിൻ്റെ ചർച്ചകൾക്ക് കാരണമാവുമോ എന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആർഡേൺ.
ഓസ്ട്രേലിയയും കാനഡയുമുൾപ്പെടെ ബ്രിട്ടീഷ് ചക്രവർത്തിയെ രാഷ്ട്രത്തലവനായി കണക്കാക്കുന്ന 15 രാജ്യങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ഇത് വലിയ ആചാരമാണെങ്കിലും പസഫിക് രാഷ്ട്രം റിപ്പബ്ലിക് ആവുന്നത് സംബന്ധിച്ച ചർച്ചകൾ കാലങ്ങളായി നടന്നുവരുന്നതാണ്. ഉചിതമായ സമയത്ത് ന്യൂസീലൻഡും റിപ്പബ്ലിക് ആവുമെന്ന് പ്രതീക്ഷിക്കുന്നതായി ആർഡേൺ കൂട്ടിചേർത്തു. രാഞ്ജിയുടെ ശവസംസ്കാര ചടങ്ങിൽ ഗവർണർ ജനറലിനൊപ്പം ന്യൂസിലൻഡിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ബുധനാഴ്ച ആർഡേൺ ലണ്ടനിലേക്ക് പോകും.