തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ഒന്നാം തീയതിയായിട്ടും ഇന്ന് ശമ്പളം ലഭിച്ചില്ല. ഇടിഎസ്ബിയിൽ നിന്നും ബാങ്ക് അക്കൌണ്ട് വഴിയുള്ള വിതരണം തടസ്സപ്പെട്ടതാണ് ഇതിനു കാരണം. പെൻഷൻ വിതരണത്തേയും ഇതു ബാധിച്ചിട്ടുണ്ട്.
ശമ്പളവിതരണം തടസ്സപ്പെട്ടത് സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്നും ഇത് പരിഹരിക്കുമെന്നും ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൌണ്‍സിൽ രംഗത്ത് എത്തി. സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലമാണ് ശമ്പളവിതരണം തടസ്സപ്പെട്ടതെന്ന് അവർ ആരോപിച്ചു. ഖജനാവിലേക്ക് ഫണ്ട് എത്തിയിട്ടും ജീവനക്കാരുടെ ശമ്പളവിതരണം ഭാഗീകമാണെന്നും ഇവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രസർക്കാർ പണം അനുവദിച്ചിരുന്നു. നികുതി വിഹിതവും ഐജിഎസ്ടി വിഹിതവും ചേർന്ന് നാലായിരം കോടിയിലേറെ രൂപ ഇങ്ങനെ കേരളത്തിനും ലഭിച്ചിരുന്നു.