പലസ്തീൻ ജനതയെ അനുകൂലിക്കുന്ന സിനിമ സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നു. ‘ഫർഹ’ എന്ന ജോർദാനിയൻ സിനിമയാണ് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നത്. ഈ സിനിമ സംപ്രേഷണം ചെയ്യരുതെന്ന് വിമർശിച്ചുകൊണ്ടാണ് ഉപഭോക്താക്കൾ സിനിമയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ രംഗത്തുവന്നത്.
അതേസമയം നിരവധി ഉപഭോക്താക്കൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉപേക്ഷിച്ചു. കൂടാതെ ട്വിറ്ററിൽ ശക്തമായ ക്യാമ്പയിനും നടക്കുന്നുണ്ട്. 1948ൽ നടക്കുന്ന കഥയാണ് ഫർഹയിലുള്ളത്. 1948ൽ ഇസ്രയേൽ സൈന്യം പലസ്തീനിൽ നടത്തിയ കൂട്ടക്കൊലയിൽ നിന്ന് സംരക്ഷിക്കാൻ മകളെ പിതാവ് ഒരു മുറിയിൽ പൂട്ടിയിടുന്നു. ശേഷം അവിടെനിന്ന് ഇസ്രയേൽ സൈന്യം തൻ്റെ കുടുംബത്തെ കൊലപ്പെടുത്തുന്നത് മകൾ കാണുന്നതായാണ് സിനിമയുടെ ഇതിവൃത്തം.
ഇതു മൂലമാണ് സിനിമയ്ക്കെതിരെ ഉപഭോക്താക്കളും ഇസ്രായേലും പ്രതിഷേധവുമായി രംഗത്ത് വന്നത് . ഇസ്രായേൽ സൈന്യത്തെ രക്തക്കൊതിയന്മാരായ രാക്ഷസന്മാരായി സിനിമയിൽ ചിത്രീകരിക്കുന്നു. അത് സത്യമല്ലെന്നും അവകാശപ്പെട്ട് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവുമായി ചിലർ ഓൺലൈൻ അപേക്ഷയും നൽകിയിട്ടുണ്ട്. അതേസമയം ജോർഡാനിയൻ സംവിധായിക ഡാരിൻ ജെ സല്ലാം അണിയൊച്ചൊരുക്കിയ ഈ ചിത്രം വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.