കാന്തല്ലൂർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ വ്യാഴാഴ്ച രാവിലെയുണ്ടായ കാട്ടാനാക്രമണത്തിൽ ചെമ്പക്കാട് സ്വദേശി ബിമൽ(57) കൊല്ലപ്പെട്ടു.വനം വകുപ്പിന്റെ പാമ്പാർ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതുപേരടങ്ങുന്ന സംഘം. രണ്ടുസ്ത്രീകളുൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്.
കൂട്ടത്തിൽ ഏറ്റവും പിന്നിലായിട്ടാണ് ബിമലുണ്ടായിരുന്നത്. ആനയുടെ മുന്നിൽപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവർ പറയുന്നത്. ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു.
വനം വകുപ്പിന്റെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.