രാജ്യാന്തര പ്രതിരോധ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് മുതൽക്കൂട്ടായി മാറുകയാണ് ഐ എൻ എസ് വിക്രാന്ത്. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി കപ്പലാണ് വിക്രാന്ത്.
196 ഓഫീസർമാർ, 1449 നാവികർ, 2300 കമ്പാർട്മെന്റുകൾ, മൂന്ന് വലിയ റൺവേകൾ, 14 ഡെക്കുകൾ, 18000 ക്രൂ അംഗങ്ങൾ, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കടലിന്റെ 180 ഡിഗ്രി കാഴ്ചയും ലഭിക്കുന്ന കൺട്രോൾ സെന്ററായ ക്യാപ്റ്റൻ ബ്രിഡ്ജ്, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എയർ ട്രാഫിക് കൺട്രോൾ റൂം ഇവിടെയാണ്. മിഗ്, റഫാൽ, തേജസ് തുടങ്ങിയ 34 യുദ്ധ വിമാനങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട് വിക്രാന്തിന്. സ്കീം ജംമ്പ് ടെക്നോളജിയാണ് പ്രധാന ആകർഷണം. സാധാരണ റൺവേകളെപ്പോലെയല്ലാത്ത, കുറച്ചു ദൂരം മാത്രം സഞ്ചരിക്കാൻ ശേഷിയുള്ള റൺവേകളാണ് വിക്രാന്തിലുള്ളത്. കടലിനടിയിലൂടെ വരുന്ന ഏത് ആപത്തിനെയും ആന്റി സബ്മറൈൻ സിസ്റ്റം കൊണ്ട് ചെറുത്ത് നിൽക്കാൻ വിക്രാന്തിന് കഴിയും. പതുങ്ങിയെത്തുന്ന അന്തർ വാഹിനികളെ റെഡാറുകൾ ഉപയോഗിച്ച് കണ്ടുപിടിച്ച് ഡോർപിഡോ ( വെള്ളത്തിനടിയിലൂടെയുള്ള മിസൈൽ ) ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് തകർക്കാനുമാവും.
അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും സൂപ്പർ റാപ്പിഡ് തോക്കുകളും വിക്രാന്തിലുണ്ട്. ഒരു മിനുട്ടിൽ 120 റൗണ്ട് വരെ വെടിയുതിർക്കാൻ കഴിയുന്നവയാണ് ഈ സൂപ്പർ റാപ്പിഡ് തോക്കുകൾ. മണിക്കൂറിൽ 52 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ വിക്രാന്തിന് കഴിയും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രത്യേക നിർമിതമായ ഡി എം ആർ 249 ഗ്രേഡ് ഉള്ള ഉരുക്കുകൾ കൊണ്ടാണ് വിക്രാന്ത് നിർമിച്ചിരിക്കുന്നത്. 45,000 ടൺ ഭാരമുണ്ട് ഈ വിമാനവാഹിനി കപ്പലിന്. അതായത് 333 നീലത്തിമിംഗലങ്ങളുടെയത്രയും വലിപ്പം.
ബ്രിട്ടനും റഷ്യയും കയ്യൊഴിഞ്ഞ വിമാനവാഹിനി കപ്പലുകളായിരുന്നു ആദ്യം ഇന്ത്യയ്ക്കുണ്ടായിരുന്നത്. 1957 ഇൽ ഡീകമ്മിഷൻ ചെയ്ത ആദ്യത്തെ വിക്രാന്ത് ബ്രിട്ടന്റെതായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ഹെർകുലീസ് എന്ന പേരിൽ പോരാടിയ കപ്പലാണ് 1957 ൽ ഇന്ത്യയുടെ വിക്രാന്ത് ആയത്.
23,0000 കോടി ചിലവിൽ നിർമ്മിച്ച, 16,000 ത്തിലധികം തൊഴിലാളികളുടെ വിയർപ്പും പ്രയത്നവുമാണ് ഐ എൻ എസ് വിക്രാന്ത്. രാജ്യത്തിന്റെ 75 ആം സ്വതന്ത്ര ദിനം ആഘോഷിക്കുന്ന ഈ വേളയിൽ തദ്ദേശീയമായി വിമാന വാഹിനി കപ്പൽ നിർമിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യമാറുകയാണ്. വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശലയായി കൊച്ചിൻ ഷിപ്യാർഡ് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടുകയാണ്. ഈ ചരിത്ര മുഹൂർത്തം സമാഗതമാവുമ്പോൾ കേരളത്തിന്റെ അഭിമാനം കൂടിയാവുകയാണ് കൊച്ചിൻ ഷിപ്യാർഡ്. ഐ എൻ എസ് വിക്രാന്തിന്റെ ക്യാപ്റ്റൻ കമാന്റിങ് ഓഫീസർ കമഡോർ വിദ്യാധർ ഹാർകെയും ചരിത്ര മൂഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്. സെപ്റ്റംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കും.