ദില്ലി: ബജറ്റ് എയർലൈനായ ഇൻഡിഗോ ജിസിസിയിൽ നിന്നും കേരളത്തിലേക്ക് പുതിയ നോൺ സ്റ്റോപ്പ് സർവ്വീസ് ആരംഭിക്കുന്നു. അബുദാബിയിൽ നിന്നും കണ്ണൂരിലേക്കാണ് ഇൻഡിഗോയുടെ പുതിയ സർവ്വീസ്. വേനൽക്കാല തിരക്കിൽ ടിക്കറ്റ് കിട്ടാൻ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും കണ്ണൂർ – അബുദാബി നോൺ സ്റ്റോപ്പ് സർവ്വീസ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വേനൽക്കാല ഷെഡ്യൂളിൻ്റെ ഭാഗമായി മെയ് ഒൻപത് മുതൽ കണ്ണൂരിൽ യുഎഇ തലസ്ഥാനത്തേക്കുള്ള പ്രതിദിന സർവ്വീസ് ഇൻഡിഗോ ആരംഭിക്കും. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.
കണ്ണൂർ സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ നിന്നായി അബുദാബിയിലേക്കുള്ള ഇൻഡിഗോ പ്രതിവാര സർവ്വീസുകളുടെ എണ്ണം 56 ആവും. കൂടുതൽ വിമാനങ്ങൾ ഫ്ലീറ്റിൽ ചേരുന്നതിനൊപ്പം കൂടുതൽ സെക്ടറുകളിലേക്ക് ഞങ്ങൾ സർവ്വീസ് വ്യാപിപ്പിക്കുകയാണ്. യാത്രക്കാർക്ക് മികച്ച സർവ്വീസ് നൽകാനാണ് ഞങ്ങളുടെ ശ്രമം – ”ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.