റിയാദ് : കഴിഞ്ഞ പത്ത് വർഷമായി ബൽവിന്ദർ സിംഗ് എന്ന പഞ്ചാബിക്ക് ചുറ്റും ഒരു ദുസ്വപ്നം പോലെ മരണം കൂട്ടിരിപ്പുണ്ടായിരുന്നു. 2013 മെയ് 25 ന് താമസസ്ഥലത്ത് അടിപിടിയെ തുടർന്ന് കയ്യബദ്ധത്തിൽ സംഭവിച്ച കൊലപാതകം. അടിപിടിയിൽ ഈജിപ്ഷ്യൻ പൗരനായ ഈദ് ഇബ്രാഹിം ഈദ് ഉമർ കൊല്ലപ്പെട്ടു.
സംഭവദിവസം രാത്രി ശുചിമുറിക്ക് സമീപം ഊഴം കാത്ത് നിന്ന തൊഴിലാളികളെ കൊല്ലപ്പെട്ട ഈദ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഒപ്പം ബൽവിന്ദർ സിംഗിനെയും ബന്ധുവായ ജിതേന്ദർ സിംഗിനെയും ഇയാൾ ഭീഷണിപ്പെടുത്തി. സംഘർഷം കടുത്തപ്പോൾ ബൽവിന്ദർ സിംഗ് ഈദിനെ വടിയെടുത്ത് തലയിലും ദേഹത്തും മർദിച്ചു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കാതെ രക്തം വാർന്നാണ് മരണം സംഭവിച്ചത്.
അന്വേഷണത്തിൽ ബൽവിന്ദർ സിംഗും ബന്ധുവും പിടിയിലായി. കോടതി വിധിയിൽ ബൽവിന്ദർ സിംഗിന് വധശിക്ഷയും ബന്ധുവിന് മൂന്ന് വർഷത്തെ തടവും ശിക്ഷയായി വിധിച്ചു. സഹകുറ്റവാളി ശിക്ഷ കഴിഞ്ഞ് മടങ്ങിയെങ്കിലും ബൽവിന്ദർ സിംഗ് ശിക്ഷ കാത്ത് കഴിഞ്ഞ പത്തുവർഷമായി തടവിൽ കഴിയുകയാണ്.
ദിയാ ധനം നൽകിയാൽ മാപ്പ്
ബൽവിന്ദർ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും ചേർന്ന് പലവാതിലുകളും കയറിയിറങ്ങി. ഈജിപ്ഷ്യൻ എംബസിയുടെ സഹായത്താൽ കൊല്ലപ്പെട്ട ഈദിന്റെ കുടുംബത്തെ സമീപിച്ചു. ദിയാ ധനമായി 25 ലക്ഷം റിയാലാണ് കുടുംബം ആവശ്യപ്പെട്ടത്. ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് സാധിക്കാതെ വന്നതോടെ വീണ്ടും ചർച്ചകൾ നടത്തി . ഒടുവിൽ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് 10 ലക്ഷം ദിയാ ധനം നൽകണമെന്ന ഒത്തു തീർപ്പിലെത്തിയത്.
6 മാസത്തിനകം ദിയാ ധനം കൈമാറണമെന്ന കോടതി വിധിയെ തുടർന്ന് കുടുംബവും പഞ്ചാബി സംഘടനകളും ചേർന്ന് തുക സമാഹരിച്ചു. കോടതി പറഞ്ഞ സമയപരിധിക്കുള്ളിൽ പണം കൈമാറി. പിന്നെയും മാസങ്ങളോളം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ബൽവിന്ദർ സിംഗിന് ജയിലിൽ തുടരേണ്ടി വന്നു. ഒടുവിൽ പത്ത് വർഷം നീണ്ട കാരാഗ്രഹവാസം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ബൽവിന്ദർ സിംഗിനത് കൊലക്കയറിൽ നിന്ന് കിട്ടിയ പുതുജീവിതമായിരുന്നു
തുടക്കം മുതൽ തന്നെ ബൽവിന്ദർ സിംഗിന്റെ മോചനത്തിനായി മുൻപന്തിയിൽ നിന്നത് ഇന്ത്യൻ എംബസി ക്ഷേമകാര്യ വിഭാഗം അറ്റാഷെ രാജീവ് സിക്കരിയും സഹപ്രവർത്തകനായ യൂസുഫ് കാക്കഞ്ചേരിയുമായിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് യാക്കൂബ് ഖാനും ശക്തമായി കൂടെ നിന്നു . ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബൽവിന്ദർ സിംഗിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല. റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് വിമാനം കയറുമ്പോൾ അയാൾ പുതുജീവിതത്തിലേക്ക് വീണ്ടും പിച്ചവയ്ക്കുകയായിരുന്നു