ദുബായ്: യുഎഇയിൽ ഇന്ന് പെയ്ത കനത്ത മഴ നാളെയും തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ‘അങ്ങേയറ്റം ജാഗ്രത’ തുടരാൻ അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തുടനീളം മോശമായ കാലാവസ്ഥയെത്തുടർന്ന് അടിയന്തര സേവനങ്ങളിലൊഴികെ മറ്റെല്ലാ സർക്കാർ ജീവനക്കാർക്കും ബുധനാഴ്ച വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ ദുബായിലെ സ്വകാര്യ സ്കൂളുകളോട് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഷാർജയിൽ ഓൺലൈൻ ക്ലാസ്സുകൾ ഏർപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ എല്ലാ എമിറേറ്റുകളിലും തകർത്തു പെയ്ത മഴ പിന്നീട് പിൻവാങ്ങിയിരുന്നു. ഇതോടെ ജനങ്ങൾ റോഡുകളിലേക്ക് ഇറങ്ങി. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ ബുധനാഴ്ച പുലർച്ചെ വരെ വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ യുഎഇയുടെ ആകാശം മേഘാവൃതമാണ്. വരും മണിക്കൂറുകളിൽ മേഘസാന്നിധ്യം ശക്തിപ്പെടുകയും വൈകാതെ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാവുകയും ചെയ്യും എന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ മഴമേഘങ്ങൾ തീരപ്രദേശങ്ങളിൽ രൂപപ്പെടുമെന്നും തുടർന്ന് കിഴക്കൻ, വടക്കൻ മേഖലകളിലേക്ക് അവ നീങ്ങുമെന്നും ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയും ഇടിമിന്നലും യുഎഇയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഭൂരിഭാഗം സ്കൂളുകളും ഓഫീസുകളും വർക്ക് ഫ്രം ഹോമിലാണ് പ്രവർത്തിച്ചത്. കനത്ത മഴ മുനിർത്തി എല്ലാ എമിറേറ്റുകളിലും അലർട്ട് നൽകിയിരുന്നു.
കനത്ത മഴ മൂലം ദൂരക്കാഴ്ച കുറഞ്ഞതും റോഡുകളിൽ വാഹനം തെന്നാൻ സാധ്യതയുള്ളതിനാലും വാഹനമോടിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.