ഏഷ്യാ കപ്പ് ക്രിക്കറ്റ് ആവേശത്തിന് ദിവസങ്ങൾ മാത്രം. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന് രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളാണ് ആദ്യം യുഎഇയിലെത്തിയത്. കുടുംബസമേതമാണ് വിറാട് കോലിയുടെ വരവ്. അതേസമയം സിംബാവേയിലുണ്ടായിരുന്ന കെ.എല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളും ദുബായിലെത്തിച്ചേര്ന്നിട്ടുണ്ട്.
ആഗസ്റ്റ് 28ന് പാകിസ്ഥാനുമായാണ് ഇന്ത്യുടെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരമാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ വന്‍തോതിലാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ ട്വന്റി-ട്വന്റി ലോകപ്പില്‍ ബന്ധവൈരികളായ പാകിസ്ഥാന് ഇതേ വേദിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് മറുപടി നല്കാന് കാത്തിരിക്കുകയാണ് ടീം ഇന്ത്യ.
അതേസമയം ഇന്ത്യന്‍ താരം വിറാട് കോലി ഏഷ്യാകപ്പില്‍ പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയുളള സെഞ്ച്വറി പ്രകടനത്തിന് ശേഷം മറ്റൊരു വെടിക്കെട്ട് കാഴ്ചവെയ്ക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ഒരുകാലത്ത് സെഞ്ച്വറികൾകൊണ്ട് ആറാടിയിരുന്ന കോലിക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മറ്റൊരു സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചേതീരൂ.
ഇതിനിടെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് കൊവിഡ് ബാധിതനായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ദ്രാവിഡിന് ടീമിനൊപ്പെ ചേരാനായില്ലെങ്കില്‍ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാകും ഇന്ത്യയുടെ പരിശീലനം. മത്സരത്തിന് മുമ്പുളള മൂന്ന് ദിവസം ടീം ദുബായില്‍ പരിശീലനത്തിനിറങ്ങും.

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര് അശ്വിന്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.