കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടക്കേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഹർജി നൽകുക.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതി പിൻവലിക്കാൻ തളിപ്പറമ്പ് സ്വദേശിയായ പ്രവാസി വിജേഷ് പിള്ള എന്നയാൾ വഴി എം.വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ ആരോപണം. എന്നാൽ സ്വപ്നയുടെ ഈ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തൻ്റെ വ്യക്തി ജീവിതത്തെ തന്നെ ആരോപണം കരിനിഴലിലാക്കിയെന്നും പത്ത് കോടി നഷ്ടപരിഹാരം തരണമെന്നുമാണ് എംവി ഗോവിന്ദൻ്റെ ആവശ്യം. ഇതേ വിഷയത്തിൽ സിപിഎം ഏരിയാ സെക്രട്ടറി നല്കിയ പരാതിയില്‍ പൊലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈകോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.
അതിനിടെ എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിസിനസ് ആവശ്യത്തിന് സ്വപ്നാ സുരേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാമെന്നും അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു.l=1