ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ വീണ്ടും ഐറിഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. നിലവിലെ പ്രധാനമന്ത്രിയായ മൈക്കിൾ മാർട്ടിൻ അധികാരം വരാഡ്കറിനു കൈമാറി. വരാഡ്കർ നിലവിൽ ഉപപ്രധാനമന്ത്രിയായായിരുന്നു. 2020ലെ തെരഞ്ഞെടുപ്പിനുശേഷം വരാഡ്കറിന്റെ ഫിനെ ഗേൽ, മാർട്ടിന്റെ ഫിയാന ഫെയ്ൽ, ഗ്രീൻ പാർട്ടികൾ ചേർന്നു രൂപീകരിച്ച സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്.
വരാഡ്കർ 2017 മുതൽ 2020 വരെ പ്രധാനമന്ത്രിമായിരുന്നു. അന്ന് അധികാരത്തിലേറുമ്പോൾ 38 വയസ് മാത്രമുണ്ടായിരുന്ന അദ്ദേഹം അയർലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന റിക്കാർഡും കുറിച്ചു. ഡോക്ടർകൂടിയായ അദ്ദേഹം 2007ലാണ് ആദ്യമായി പാർലമെന്റ് അംഗമാകുന്നത്. മുംബൈയിൽനിന്നു കുടിയേറിയ ഡോക്ടറായ അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശിയായ നഴ്സ് മറിയത്തിന്റെയും മകനാണ്.