22ാമത് കോമൺവെൽത്ത് ഗെയിംസിന് വർണ്ണാഭമായ പരിസമാപ്തി. 11 ദിനരാത്രങ്ങൾ നീണ്ടു നിന്ന മത്സരത്തിൽ വിവിധയിനങ്ങളിലായി 67 സ്വർണ്ണവുമായി ഓസ്ട്രേലിയ ഒന്നാമതെത്തി. 22 സ്വർണ്ണവുമായി ഇന്ത്യ നാലാം സ്ഥാനവും നേടി. 2018 ലെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമായിരുന്നു.
72 രാജ്യങ്ങളിൽ നിന്നും 5, 054 കായിക തരങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. മെഡൽ പട്ടികയിൽ ഓസ്ട്രേലിയ ആധിപത്യം വീണ്ടും ഊട്ടിയുറപ്പിച്ചാണ് കളം വിടുന്നത്. 67 സ്വർണ്ണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളാണ് ഇത്തവണ ഓസ്ട്രേലിയ നേടിയത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് ആണ്. 57 സ്വർണ്ണവും 66 വെള്ളിയും 53 വെങ്കലവുമടക്കം 170 മെഡലുകളാണ് ഇംഗ്ലണ്ട് നേടിയത്. 26 സ്വർണ്ണവും 32 വെള്ളിയും 34 വെങ്കലവുമായി കാനഡ മൂന്നാം സ്ഥാനം നേടി. 22 സ്വർണ്ണവും 16 വെള്ളിയും 23 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനവും നേടി.
ബിർമിങ്ങാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സമാപന ചടങ്ങിൽ സോളിഹളിലെ ഓഷ്യൻ കളർ സീൻ ബാൻഡ്, ഡെക്സിസ് മിഡ്നെറ്റ് റണ്ണേഴ്സിന്റെ സംഗീത വിരുന്നും യു ബി 40 ന്റെ സംഗീത വിരുന്നും സമാപന ചടങ്ങിനെ വർണ്ണാഭമാക്കി. ടേബിൾ ടെന്നീസ് താരം ശരത് കമലും ബോക്സിങ് താരം നിഖാത് സരിനുമായിരുന്നു സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത്. 2026 ൽ ഓസ്ട്രേലിയയിലെ ഹാമിൽട്ടണിലാണ് 23ാമത് കോമൺവെൽത്ത് ഗെയിംസ് നടക്കുക.