കേരളത്തിൽ ഡീസൽ വാഹനങ്ങളെ മറികടന്ന് കുതിക്കുകയാണ് ഇലക്ട്രിക്ക് വാഹനവിപണി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പെട്രോൾ വാഹനങ്ങൾ കഴിഞ്ഞാൽ ഇപ്പോൾ കൂടുതലായി വിറ്റു പോകുന്നത് ഇലക്ട്രിക്ക് വാഹനങ്ങളാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രധാന വിപണിയായി കേരളം മാറികഴിഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ എഥർ എനർജി പുറത്തു വിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ അവർക്കേറ്റവും വിൽപന നടക്കുന്ന രണ്ടാമത്തെ വിപണിയാണ് കേരളം.
ഇലക്ട്രിക്ക് വാഹനങ്ങളെ ജനങ്ങൾ ഏറ്റെടുക്കും മുൻപേ തന്നെ സർക്കാർ ആ വഴി തിരിഞ്ഞിരുന്നു. സംസ്ഥാന സർക്കാരിൻ്റെ പുതിയ വാഹന നയം അനുസരിച്ച് ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങളാണ് പുതുതായി വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഇന്ധന ചിലവ് ഇനത്തിൽ മാത്രം ലാഭിക്കാൻ സാധിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന് പിന്നാലെ ഇപ്പോൾ കേരള പൊലീസും ഇ വാഹനങ്ങളിലേക്ക് തിരിയുകയാണ്. കൊച്ചി പൊലീസാണ് ഇപ്പോൾ ഇ മോട്ടോറിംഗിലേക്ക് ആദ്യ ചുവട് വച്ചിരിക്കുന്നത്
റിവോൾട്ട് മോട്ടോഴ്സിൻ്റെേ ആർവി 400 എന്ന ബൈക്കിലായിരിക്കും ഇനി കൊച്ചി പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുക. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായിട്ടാണ് ഇലക്ട്രിക്ക് ബൈക്കുകൾ കൊച്ചി പൊലീസിന് കൈമാറിയിരിക്കുന്നത്. 3.24 കിലോ വാട്ട് ബാറ്ററിയാണ് ഇ ബൈക്കിലുള്ളത്. 3000 വാട്ടിൻ്റെ ഇലക്ട്രിക്ക് മോട്ടർ ഉപയോഗിച്ചാണ് ബൈക്ക് കുതിക്കുക. ഇക്കോ, സ്പോർട്സ് അടക്കം മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ഉള്ളത്. പരമാവധി വേഗം 85 കി.മീ. ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ 156 കിമീ ദൂരം വരെ ഈ ബൈക്കിൽ സഞ്ചരിക്കാനാവും. എട്ട് വർഷം അല്ലെങ്കിൽ ഒന്നരലക്ഷം കീമീ വാറൻ്റിയാണ് ബാറ്ററിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.