പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെത്തി ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെ ബെംഗളൂരുവിലാണ് പരിപാടി നടക്കുക. ഊർജോത്പാദന രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണ് ഇന്ത്യ എനർജി വീക്ക് 2023.
തുംകുരുവിലെ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് തറക്കല്ലിടുമെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ലോകമെമ്പാടുമുള്ള 30ലധികം മന്ത്രിമാർ ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കാനെത്തും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. ആഗോള എണ്ണ-വാതക കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി സംവദിക്കും.
വൈകിട്ട് മൂന്നരയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണശാല പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. തുംകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിനും തറക്കല്ലിടും. ജൽജീവൻ മിഷന്റെ കീഴിൽ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.