യുഎഇയിലെ താമസക്കാർക്ക് ഇൻഫ്ലുവൻസയ്ക്കും കോവിഡിനുമുള്ള വാക്സിനുകൾ ഇനി ഫാർമസികളിൽ നിന്നും വാങ്ങാം. ഇതിനായി കോവിഡ് 19, ഇൻഫ്ലുവൻസ വാക്സിനുകൾ ഉടൻ ഫാർമസികളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ കോവിഡ്, ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നതിനുള്ള രണ്ടാഴ്ചത്തെ നിർബന്ധിത വിടവ് ഇനി ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം നിലവിൽ ഒരേ ദിവസം തന്നെ കൊവിഡ് വാക്സിനും ഫ്ലൂ വാക്സിനും സ്വീകരിക്കാം.
രണ്ട് വാക്സിനുകളും ഫാർമസികളിൽ ലഭ്യമാക്കുന്നതോടെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ വാക്സിനുകൾ എടുക്കാനാവും. ആശുപത്രിയിലെ തിരക്ക് ഒഴിവാക്കികൊണ്ട് ആളുകൾക്ക് അടുത്തുള്ള ഫാർമസിയിൽ നിന്നും ലഭ്യമായ വാക്സിൻ ആവശ്യപ്പെടാം. വാക്സിൻ നൽകാൻ ആഗ്രഹിക്കുന്ന ഓരോ ഫാർമസിയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. വാക്സിൻ വിതരണത്തിന് അപേക്ഷിക്കുന്ന ഓരോ ഫാർമസിക്കും ബന്ധപ്പെട്ട അതോറിറ്റിയുടെ ലൈസൻസ് ഉണ്ടായിരിക്കണം.
അബുദാബിയിലും ദുബായിലും നോർത്തേൺ എമിറേറ്റുകളിലുമാണ് ആദ്യം വാക്സിനുകൾ എത്തിക്കുക. ഈ മാസം അവസാനമോ ഒക്ടോബർ ആദ്യമോ വാക്സിൻ ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് പറഞ്ഞു.