അതിരപ്പിള്ളി: ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു.രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്.മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്.
മയക്കുവെടിവെച്ചപ്പോൾ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുത്തു. 20 അംഗങ്ങളുള്ള ദൗത്യസംഘം വിപുലപ്പെടുത്തിയായിരുന്നു അന്വേഷണം. ആന തീറ്റയെടുക്കുകയും കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്യുന്നതിനാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് നിഗമനം. മയക്കുവെടിവെച്ച് വിശദമായ പരിശോധന നടത്തിയാലേ മുറിവിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാനാകൂ.
മുറിവ് മസ്തകത്തിലായതിനാൽ അണുബാധയുണ്ടായാൽ ആനയുടെ ആരോഗ്യം അപകടത്തിലാകാൻ സാധ്യതയുണ്ട്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയുണ്ടായ മുറിവാണെന്ന് വ്യക്തമായിട്ടുണ്ട്.