പത്തനംതിട്ട: കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ടയിലെ വീട്ടിൽ നടക്കും. രാവിലെ 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്നും കളക്ടറേറ്റിൽ എത്തിക്കും.ത്തുമണി മുതൽ പൊതുദർശനം.
തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് മലയാലപ്പുഴയിലെ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. ആത്മഹത്യയിൽ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തിലേക്ക് നയിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്നാരോപിച്ച് സഹോദരൻ പരാതി നൽകി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും ടി.വി. പ്രശാന്തനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയെ തുടർന്നുണ്ടായ സംഭവവുമാണ് എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരൻ കെ. പ്രവീൺ ബാബു നൽകിയ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്.അതേസമയം,നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.