പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയും തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അഴിമതി പ്രവർത്തനങ്ങളിൽ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാണ് പാർലിമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. നാലംഘ ബെഞ്ചിന്റേതാണ് വിധി.
വിദേശ പ്രമുഖർ നൽകിയ സമ്മാനങ്ങൾ അനധികൃതമായി വില്പന നടത്തി, തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയില്ല തുടങ്ങിയവ ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് പാകിസ്ഥാൻ മുസ്ലിം ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം സമ്മാനമായി ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ( ടോഷഖാന ) സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ അറബ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ ആദ്യം ടോഷഖാനയിൽ അടച്ചെങ്കിലും പിന്നീടത് ഇമ്രാൻ കുറഞ്ഞ വിലയ്ക്ക് വാങ്ങി. ശേഷം വൻ തുകയ്ക്ക് മറിച്ചു വിറ്റെന്നാണ് ആരോപണം.
എന്നാൽ പാകിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി വിധി തള്ളി. ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പാർട്ടി അറിയിച്ചു. അതേസമയം ജനങ്ങളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.