2012ലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. കൊട്ടാരക്കരയില്‍ ഡോക്ടര്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ അഭിപ്രായവും തേടും.
ആരോഗ്യവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, എഡിജിപിമാര്‍, ബന്ധപ്പെട്ട മറ്റു വകുപ്പ് തലവന്മാര് എന്നിവരാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതലയോഗത്തില്‍ പങ്കെടുത്തത്.
ആശുപത്രികള്‍ സംരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നു.
അതിക്രമമുണ്ടായാല്‍ ഒരുമണിക്കൂറിനകം കേസെടുക്കുക, ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുക, ഒരുവര്‍ഷത്തിനുള്ളില്‍ ശിക്ഷാവിധി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സമയ ബന്ധിതമായി പൂര്ത്തിയാക്കുമന്നാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ഉറപ്പ്.