ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുസേന. ഡൽഹി എന്ന പേരുമാറ്റി പകരം ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്ക് ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത കത്തയച്ചു.
പാണ്ഡവരുടെ രാജധാനിയായിരുന്നു ഡൽഹി എന്നാണ് കത്തിൽ പറയുന്നത്. കൂടാതെ കഴിഞ്ഞ കാലങ്ങളിലായി ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതാണ് തെളിവുകളെന്നും കത്തിൽ പറയുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൽഹി ഇന്ദ്രപ്രസ്ഥമാണെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.