താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ പ്രദേശവാസികളെ അഭിനന്ദിച്ച് ഹൈക്കോടതി. ഇതാണ് യഥാര്‍ത്ഥ മലയാളി സ്പിരിറ്റ് എന്നാണ് ഹൈക്കോടതി പറഞ്ഞത്.
താനൂര്‍ ബോട്ടപടകടത്തില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെട്ട ബെഞ്ച് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഏറെ വേദനിപ്പിക്കുന്ന സംഭവമാണിത്. കുട്ടികളടക്കം 22 പേര് മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കേരളത്തില്‍ ആദ്യമായല്ല ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നത്. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.
കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം സമാന സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല ഉത്തരവാദി, ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
സംഭവത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ മനഃപൂര്‍വ്വമായ നരഹത്യാകുറ്റം ചുമത്തി. എന്നാല്‍ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ ഒളിവിലാണ്. ഇവര്‍ ഇതുവരെ പിടിയിലായിട്ടില്ല.