പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലാ തല ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണറിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ വിദഗ്ധസമിതിക്ക് തീരുമാനത്തിനായി വിട്ടിരിക്കയാണ്.
താന്‍ പറഞ്ഞത് സത്യമാണ് എന്നതിന്റെ തെളിവാണ് ഇതെന്നും അഞ്ചുവര്‍ഷം അനുവഭവിച്ച കഷ്ടപ്പാടിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പൂര്‍ണമായും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന പറഞ്ഞു.
‘സത്യം എത്ര മൂടിവെച്ചാലും അത് ഒടുവില്‍ പുറത്തുവരുമെന്നതിന്റെ തെളിവാണ് ഇത്. എന്റെ പരാതി നൂറ് ശതമാനവും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ച് വര്‍ഷമാണ് ഞാന്‍ ദുരിതമനുഭവിച്ചത്. ഇനിയൊരാള്‍ക്കും ഇതുപോലെ ദുരവസ്ഥ ഉണ്ടായിക്കൂട. പൂര്‍ണമായും നീതി കിട്ടുന്നത് വരെ ഞാന്‍ സമരവുമായി മുന്നോട്ട് പോകും,’ ഹര്‍ഷിന പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ഹര്‍ഷിനയുടെ ആദ്യ രണ്ട് പ്രസവങ്ങളുടെയും ശസ്ത്രക്രിയ. 2017 നവംബറില്‍ മൂന്നാമത്തെ പ്രസവം നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു. പ്രസവത്തിന് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിച്ചു. ഹര്‍ഷിന അഞ്ചു വര്‍ഷമാണ് കത്രികയുമായി കഴിഞ്ഞത്.