അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള അല്‍ഐന്‍ ആശുപത്രിയിലെ മുഴുവന്‍ സമയ അത്യാഹിത വിഭാഗവും അടിയന്തര പരിചരണ കേന്ദ്രവും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 16 വയസിന് മുകളിലുള്ള എല്ലാ രാജ്യക്കാര്‍ക്കും അടിയന്തര പരിചരണ വിഭാഗത്തിന്റെ സേവനം ലഭ്യമാകും. അടിയന്തര ഘട്ടത്തില്‍ 16 വയസിന് താഴെയുള്ളവരെയും പരിഗണിക്കുമെന്ന് എമര്‍ജന്‍സി മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. ഫത്തിയ അല്‍നഖ്ബി പറഞ്ഞു.
കൊവിഡ് കാലത്ത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്ന അല്‍ ഐന്‍ ആശുപത്രി നൂതന സൗകര്യങ്ങളോടെ നവീകരിച്ച ശേഷമാണ് എല്ലാ വിഭാഗം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തില്‍ 30 കിടക്കകളുണ്ട്. നവീനമായ ലബോറട്ടറി സൗകര്യങ്ങള്‍, എക്സ്റേ, ഫിസിക്കല്‍ തെറാപ്പി തുടങ്ങി പുതിയ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ, റെഡ്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളാക്കിയാണ് ചികിത്സിക്കുക. അതീവ ഗുരുതര രോഗമുള്ളവരെയും അടിയന്തര ചികിത്സ ആവശ്യമുള്ളവരെയും റെഡ് വിഭാഗത്തില്‍ ചികിത്സ നല്‍കും. ഇവരില്‍ രണ്ട് മണിക്കൂറിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കി, അഡ്മിറ്റ് ചെയ്യേണ്ടവരെ അഡ്മിറ്റ് ചെയ്ത് നടപടികള്‍ തുടരുകയും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ തവാം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ അല്‍ഐന്‍ ആശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുള്‍ റഹ്മാന് അല്‍ മെമാരി, മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍ എക്സിക്യൂട്ടീവ് തൈസീര്‍ ഒമര്‍ എല്‍ സമ്മാനി, അല്‍ഐന്‍ ഐ.എസ്.സി പ്രസിഡന്റ് മുബാറക്ക് മുസ്തഫ, ജനറല്‍ സെക്രട്ടറി മണികണ്ഠന്, ട്രഷറര്‍ സാദിഖ്, ലോക കേരള സഭാംഗം സലാം, മുന്‍ പ്രസിഡന്റ് ജിമ്മി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കെ വി ഈസ എന്നിവരും പങ്കെടുത്തു.