ദില്ലി: രാജ്യത്ത് പുതിയ ഹൈവേകൾ വരുന്നതിന് ആനുപാതികമായി തന്നെ ടോൾപ്ലാസകളും ടോൾനിരക്കുകളും വർധിക്കുകയാണ്. ചെറിയ ദൂരം സഞ്ചരിച്ചാൽ പോലും വലിയ തുക ടോൾ അടയ്ക്കേണ്ട സാഹചര്യം പൊതുജനങ്ങളിൽ വലിയ പരാതിയും അതൃപ്തിയും സൃഷ്ടിക്കുന്നുണ്ട്. ടോൾ കളക്ഷൻ സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. ഇതിനിടെയാണ് സഞ്ചരിക്കുന്ന ദൂരം മാത്രം ടോൾ കളക്ട് ചെയ്യാനുള്ള പുതിയ സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഇതു കൂടാതെ ടോൾ പാസ്സ് എന്ന പുതിയൊരു സംവിധാനം കൂടി ആരംഭിക്കാൻ ഒരുങ്ങുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.
ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും ഹൈവേ യാത്ര കൂടുതൽ ചെലവ് കുറഞ്ഞതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയിലൂടെ യാത്രക്കാർക്ക് ഒരു തവണ പണമടച്ചാൽ പിന്നെ ദീർഘകാലത്തേക്ക് ടോൾ അടയ്ക്കാതെ വാഹനമോടിക്കാനാവും. ഇതിനായി വാർഷിക, ആജീവനാന്ത ടോൾ പാസുകൾ അവതരിപ്പിക്കുന്ന കാര്യം ഹൈവേ അതോറിറ്റി പരിശോധിച്ചു വരികയാണ്.
രണ്ട് തരത്തിലുള്ള ടോൾ പാസുകൾ അവതരിപ്പിക്കാനാണ് ഹൈവേ അതോറിറ്റി ആലോചിക്കുന്നത്. 3000 രൂപയുടെ വാർഷിക ടോൾ പാസ്സും 15 വർഷത്തെ കാലാവധിയുള്ള ലൈഫ് പാസും. മൂവായിരം രൂപയടച്ച് വാർഷിക ടോൾ പാസ്സ് എടുത്താൽ രാജ്യത്തെ എല്ലാ ദേശീയപാതകളിലും എക്സ്പ്രസ്സ് ഹൈവേകളിലും ഒരു വർഷത്തേക്ക് ടോൾ അടയ്ക്കാതെ യാത്ര ചെയ്യാനാവും. 30000 രൂപയുടെ ആജീവനാന്ത പാസ്സ് എടുത്താൽ 15 വർഷത്തേക്ക് ടോൾ റോഡുകളിൽ പണം അടയ്ക്കാതെ യാത്ര ചെയ്യാം. പാസ്സുകൾ നിലവിലുള്ള ഫാസ്ടാഗുമായി ബന്ധിപ്പിച്ചാണ് യാത്ര സൌകര്യം ഒരുക്കുക.
നിലവിൽ, സ്വകാര്യ വാഹനങ്ങളിൽ നിന്നാണ് മൊത്തം ടോൾ വരുമാനത്തിന്റെ 26 ശതമാനവും കിട്ടുന്നത്. ടോൾ ബൂത്തുകളിൽ തിരക്കേറിയ സമയങ്ങളിൽ, കനത്ത ഗതാഗതക്കുരുക്കിനും ഇതു കാരണമാവുന്നുണ്ട്. നിലവിൽ, ഹൈവേ ഉപയോക്താക്കൾക്ക് പ്രതിമാസ ടോൾ പാസുകൾ മാത്രമേ ലഭ്യമാകൂ, ഇതിന് പ്രതിമാസം 340 രൂപ ചിലവാകും, അതായത് പ്രതിവർഷം 4,080 രൂപ വരെ. എന്നിരുന്നാലും, ഈ പ്രതിമാസ പാസുകൾ ഒരു ടോൾ പ്ലാസയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട വാർഷിക, ആജീവനാന്ത പാസുകൾ സാധാരണ യാത്രക്കാർക്ക് ചെലവ് കുറയ്ക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള എല്ലാ ടോൾ റോഡുകളിലേക്കും സൌജന്യയാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
നിലവിൽ പാസ്സ് പദ്ധതി സംബന്ധിച്ച് ഹൈവേ അതോറിറ്റിയും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും തമ്മിൽ അന്തിമ ഘട്ട ചർച്ചയിലാണ്. കൂടാതെ, ഹൈവേ ഉപയോക്താക്കൾക്ക് നിരക്കിളവ് ലഭ്യമാക്കാനായി കിലോമീറ്ററിന് ടോൾ നിരക്ക് കുറയ്ക്കുന്നതിനുള്ള വഴികളും സർക്കാർ ആരായുന്നുണ്ട്.