സൗദിയിലെ ഷോപ്പിംഗ് ഉത്സവ നഗരിയായ ഔട്ട്ലെറ്റ് 2022 ന് ഗിന്നസ് വേൾഡ് റെക്കോർഡ്. ലോകത്ത് ഇതുവരെ സജ്ജീകരിച്ചതിൽ സൗകര്യങ്ങളിലും വിശാലതയിലും മുന്നിൽ നിൽക്കുന്ന ഏറ്റവും വലിയ താത്കാലിക ഷോപ്പിംഗ് നഗരി എന്ന നിലയിലാണ് റെക്കോർഡ്. 1,45,000 ചതുരശ്ര മീറ്ററാണ് ഔട്ട്ലെറ്റ് 2022 ന്റെ വിസ്തൃതി. സൗദി ജനറൽ അതോറിറ്റിയുടെ കീഴിൽ റിയാദ് കിങ് റോഡിലെ റിഹാബിലാണ് ഷോപ്പിംഗ് നഗരി ഒരുക്കിയിട്ടുള്ളത്.
ഒക്ടോബർ ഒന്നിന് തുറന്ന വിശാലമായ ഷോപ്പിംഗ് നഗരിയിലെ വിവിധ സ്റ്റാളുകളിലായി 15000ത്തിലധികം അന്താരാഷ്ട്ര ബ്രാൻഡുകളാണ് അണിനിരത്തിയത്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ വലിയതോതിലുള്ള വിപണിയാണ് നടക്കുന്നത്. കൂടാതെ കുട്ടികളുടെ ഉല്ലാസത്തിനുള്ള മേഖലകൾ, ദേശീയവും അന്തർദേശീയവുമായ കോഫി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവയും ഔട്ട്ലെറ്റ് 2022 ഷോപ്പിംഗ് നഗരിയിലെ മികച്ച സജ്ജീകരണങ്ങളാണ്.