കോഴിക്കോട്: മലയാളത്തിന് ഇനി എംടിയില്ലാ കാലം…. ഇന്നലെ രാത്രി അന്തരിച്ച സാഹിത്യഇതിഹാസം എംടി വാസുദേവൻ നായർക്ക് വിട ചൊല്ലാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിൻ്റെ കർമ്മഭൂമിയായ കോഴിക്കോട്. ഇന്ന് വൈകിട്ട് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ വച്ചാണ് എംടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാവൂർ റോഡ് ശ്മശാനം നവീകരിച്ച് സ്മൃതിപഥം എന്ന പേരിൽ തുറന്നു കൊടുത്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. കോഴിക്കോട് നിരവധി പ്രമുഖർ വിട ചൊല്ലി പോയ ഇതേ ശ്മാശനത്തിലേക്കാണ് ഇന്ന് മലയാളത്തിൻ്റെ കഥാകാരനും അവസാനയാത്രയിലെത്തുക.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് എം.ടി മരണപ്പെടുന്നത്. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന് അപ്രതീക്ഷിതമായ വന്ന ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസിൽ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നർത്തകിയും സംവിധായികയുമായ അശ്വതി എന്നിവർ മക്കളാണ്.
1933 ജൂലായ് 15-ന് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. ഇവരുടെ നാല് ആൺമക്കളിൽ ഇളയ മകനായിരുന്ന എംടി. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. 1954-ൽ നടന്ന ലോകചെറുകഥാ മൽസരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന എംടിയുടെ കഥയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുന്നതോടെയാണ് അദ്ദേഹത്തെ മലയാളികൾ ശ്രദ്ധിക്കുന്നത്.
1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ഔദ്യോഗിക സേവനത്തിനു തുടക്കമിട്ട എംടി 1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ൽ ആ സ്ഥാനം രാജിവെച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിലെത്തി. 1999-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.
നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും മുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
2005-ൽ രാജ്യം എം.ടിയെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം 1995-ൽ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മാതൃഭൂമി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്കാരം എന്നീ പ്രധാന ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. സിനിമാ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടിയ എംടിക്ക് ജെ.സി. ദാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു.