തിരുവനന്തപുരം: വിവാഹസത്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ വരനും കൂട്ടുകാരും അറസ്റ്റിൽ. വിവാഹ സത്കാരത്തിന് എത്തിയ വധുവിൻ്റെ വീട്ടുകാരെ ആക്രമിക്കുകയും പടക്കമെറിയുകയും ചെയ്ത വരനേയും മൂന്ന് സുഹൃത്തുകളേയുമാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട് കലൂർ മഞ്ഞമല വിപിൻഭവനിൽ വിജിൻ (24) ആണ് കല്ല്യാണദിവസം തന്നെ പൊലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തുകളായ പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽകണി വീട്ടിൽ വിനീത് (28),ആറ്റിങ്ങൽ ഇളമ്പ വിജിത ഭവനിൽ വിജിത്ത് (23) എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിജിൻ്റെ രണ്ട് സുഹൃത്തുകൾ കൂടി കേസിൽ പ്രതികളാണെങ്കിലും ഇവർ ഒളിവിലാണ്. വിനീഷും ആകാശും ആറ് ക്രിമിനൽ കേസുകളിലും വിജിത്ത് രണ്ട് കേസിലും പ്രതിയാണ്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ പേരൂർക്കട വഴയില ക്രൈസ്റ്റ് നഗർ സാൽവേഷൻ ആർമി ചർച്ച് ഗേറ്റീന് സമീപത്തായിരുന്നു സംഭവം.
വിജിനും സംഘവും നടത്തിയ പടക്കമേറിൽ ക്രൈസ്റ്റ് നഗർ സ്വദേശികളായ ഷെറിൻ, സംഗീത ലാൽ എന്നിവർക്കും മറ്റു രണ്ട് പേർക്കും പരിക്കേറ്റിരുന്നു. ക്രൈസ്റ്റ് നഗർ സ്വദേശിനിയായ പെണ്കുട്ടിയുമായി വിജിൻ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹദിവസം വൈകിട്ട് വധുവിൻ്റെ വീട്ടുകാർ നടത്തിയ വിവാഹസത്കാരത്തിനിടെ വിജിൻ്റെ സുഹൃത്തുകളും വധുവിൻ്റെ ബന്ധുക്കളും തമ്മിൽ വാക്ക്തർക്കമുണ്ടായി. ഇതാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴി മാറിയത്. വധുവിൻ്റെ ബന്ധുക്കളും വിജിൻ്റെ സുഹൃത്തുകളും തമ്മിൽ ആദ്യം കൈയ്യാങ്കളിയുണ്ടായി. ഇതിൽ പ്രകോപിതനായ വിജിൻ ചടങ്ങിൽ നിന്നും ഇറങ്ങി പോയി. തുടർന്ന് പോത്തൻകോട് നിന്നും സുഹൃത്തുകളെ വിളിച്ചു വരുത്തിയ വിജിൻ വധുവിൻ്ിറെ വീടിന് മുന്നിലെ ആൾക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെട്ടുകത്തി വീശിയും ഇവർ ആളുകളെ ഭീഷണിപ്പെടുത്തി. തുടർന്ന് ഓട്ടോയിൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
വധുവിൻ്റഫെ ബന്ധുക്കൾ ഈ വാഹനത്തെ പിന്തുടരുകയും വഴയില പെട്രോൾ പമ്പിന് മുൻപിൽ വച്ച് ഇവരെ തടഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ ഒന്നാം പ്രതി ആകാശിന് സാരമായി പരിക്കേറ്റു. ഇതോടെ നാട്ടുകാർ എല്ലാവരും തടഞ്ഞു വയ്ക്കുകയും പിന്നീട് പൊലീസ് സ്ഥലത്ത് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആകാശിനെ മർദ്ദിച്ചതിന് വഴയില സ്വദേശികളായ രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.