ദില്ലി: രാജ്യത്തെ വിവിധ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നിന്നും നടപ്പ് സാമ്പത്തിക വർഷത്തിലെ പത്ത് മാസത്തിൽ നിന്നും കേന്ദ്രസർക്കാരിന് വരുമാനമായി ലഭിച്ചത് 53,289.41 കോടി രൂപ. 2023-24 സാമ്പത്തികവർഷം മാർച്ചിൽ അവസാനിക്കാനിരിക്കെ 62,000 കോടി രൂപയെങ്കിലും ടോൾ പിരിവിലൂടെ ഖജനാവിലേക്ക് എത്തുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ കണക്കുകൾ.
നിർമ്മാണം പൂർത്തിയായ കൂടുതൽ ഏക്സ്പ്രസ്സ് ഹൈവേകളും ദേശീയപാതകളും ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും അതിനനുസരിച്ച് ടോൾ പ്ലാസകൾ ആരംഭിക്കുകയും ചെയ്തതോടെയാണ് വരുമാനവും കുത്തനെ വർധിച്ചത്. ഫാസ് ടാഗ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനവും വരുമാനം കുതിച്ചുയരാൻ കാരണമായി.
2018-19 – 25,154.76
2019-20 – 27,637.64
2020-21 – 27,923.8
2021-22 – 33,907.72
2022-23 – 48,028.22
2023-24 – 53289.41 (ജനുവരി വരെ)
2019 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്തം ടോൾ റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്ററായിരുന്നു. എന്നാൽ ഈ കഴിഞ്ഞ നവംബറോടെ ടോൾ റോഡുകളുടെ ആകെ ദൂരം 45,428 കിലോമീറ്ററായി ഉയർന്നു. 75% വർദ്ധനവാണ് ഇതോടെ ടോൾ റോഡുകളുടെ നീളത്തിൽ രേഖപ്പെടുത്തിയത്. 2019-20ൽ 29,666 കിലോമീറ്ററും 2020-21ൽ 34,071 കിലോമീറ്ററും 2021-22ൽ 38,315 കിലോമീറ്ററും 2022-23ൽ 42,595 കിലോമീറ്ററുമാണ് ടോൾ റോഡുകളുടെ ദൂരം.
ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ കളക്ഷൻ രീതിക്ക് ഉടൻ തുടക്കമിടാനുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ. വളരെ പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി ഈ സംവിധാനം നിലവിൽ ആദ്യഘട്ടത്തിൽ ബെംഗളൂരു – മൈസൂരു അതിവേഗപ്പാതയിലാണ് ഉപഗ്രഹാധിഷ്ഠിത ടോൾ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. “ജിപിഎസ് വഴിയുള്ള ടോൾ പിരിവ് വരുന്നതോടെ സർക്കാരിന്റെ വരുമാനം കൂടുതൽ വർധിക്കും എന്നാണ് കരുതപ്പെടുന്നത്.