മുസ്ലിം വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തെ തുടര്‍ന്ന് യുപിയിലെ നേഹ പബ്ലിക് സ്കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
സ്കൂള്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ സമീപത്തെ സ്കൂളില്‍ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
സ്കൂളിലെ തൃപ്ത ത്യാഗിയെന്ന അധ്യാപികയാണ് ക്ലാസിലെ മുസ്ലീം കുട്ടിയെ സഹപാഠികളായ ഇതര മതസ്ഥരായ കുട്ടികളെ കൊണ്ട് തല്ലിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ചുമതലയും ഇതേ അധ്യാപികയ്ക്കാണ്. താന്‍ ചെയ്തത് തെറ്റല്ല എന്ന നിലപാടിലാണ് അധ്യാപിക. സംഭവത്തില്‍ വര്‍ഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്ത് വരാത്തതിനാല്‍ ആണ് അത്തരത്തില്‍ ചെയ്തതെന്നുമായിരുന്നു ന്യായീകരണം.
കുട്ടികളെ നിയന്ത്രിക്കാന്‍ ഇങ്ങനെയേ ചെയ്യാന്‍ കഴിയൂ എന്നും അധ്യാപിക പറഞ്ഞിരുന്നു. എന്നാല്‍ വിഷയം വിവാദമായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ കേസെടുത്തിരുന്നു.