പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചു വിളിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. തുടര്‍നടപടി റെയില്‍വേ ബോര്‍ഡിന്റെ അനുമതിക്കു ശേഷം മതിയെന്നാണ് നിര്‍ദേശം.
11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ഇവരെ തിരിച്ചുവിളിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും റവന്യൂ വകുപ്പ് നിര്‍ദേശം നല്കി.
സാമൂഹിക ആഘാത പഠനം നിര്‍ത്തിവയ്ക്കുകയാണെന്നും റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു ശേഷം മാത്രം മതിയെന്നാണ് തീരുമാനം.
സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്വാങ്ങുകയാണെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.