ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻനിരയിലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. 14 ആരോഗ്യ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ മുന്നിലെത്തിയത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ തുടങ്ങി ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുതിയതും സമഗ്രവുമായ വികസനങ്ങളും യുഎഇ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
എല്ലാ വർഷവും ഏപ്രിൽ 7 ന് വരുന്ന ലോകാരോഗ്യ ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ആരോഗ്യ വെല്ലുവിളികളും ഭാവി തലമുറയുടെ ക്ഷേമവും ഉറപ്പാക്കുന്ന സമീപനമാണ് യുഎഇയുടേതെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ആരോഗ്യരംഗത്തെ യുഎഇയുടെ നേട്ടങ്ങൾ ആഘോഷിക്കാനുളള അവസരമാണ് ലോകാരോഗ്യ ദിനമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമയും പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നത് യുഎഇയുടെ ദേശീയ നയമാണ്. ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മേഖലയിൽ ഉൾപ്പടെ 2023 സുസ്ഥിരതാ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ആരോഗ്യഐക്യം ലക്ഷ്യമിട്ടുളള സമീപനങ്ങളും നയങ്ങളുമാണ് യുഎഇ മുന്നോട്ടു വയ്ക്കുന്നത്.