പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവെക്കാനുള്ള പണം നല്‍കിയത് തലശ്ശേരിയിലെ മുന്‍ സിപിഎം പ്രവര്ത്തകന് സിഒടി നസീറിന്റെ മാതാവ്. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍.
സ്നേഹത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നതെന്ന് കെട്ടിവെക്കാനുള്ള പണം സ്വീകരിച്ച ശേഷം ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ നാട്ടില്‍ ഏത് തരം രാഷ്ട്രീയം വേണമെന്നതിനുള്ള ഉത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സിഒടി നസീറിനോടും ഉമ്മയോടും പ്രത്യേകം നന്ദിയുണ്ട്. സിഒടി നസീര്‍ വിദേശത്താണ്. ഉമ്മ നേരിട്ട് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. വാട്സ്ആപ്പില്‍ വീഡിയോ കോള്‍ വിളിച്ച് സംസാരിച്ചുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നേരിട്ട് എത്താന്‍ സാധിക്കാത്തതിനാല്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നാമനിര്‍ദേശ പത്രിക വെച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ഇതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്.
2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വെച്ചായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് നടക്കുന്നതിനിടെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉമ്മന്‍ ചാണ്ടി എടുത്തിരുന്നു. ഇതിന് ശേഷമാണ് സിഒടി നസീര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ക്ഷമാപണം നടത്തിയത്.