ദില്ലി: മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച്ച ദില്ലിയിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇന്ത്യൻ ക്രിക്കറ്റ് ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ ഉടനെ നിയമിക്കും എന്ന വാർത്തകൾക്കിടെയാണ് അമിത് ഷായുമായുള്ള ഗൗതം ഗംഭീറിൻ്റെ കൂടിക്കാഴ്ച.
തെരഞ്ഞെടുപ്പ് ജയത്തിൽ അമിത് ഷായെ അഭിനന്ദിച്ചതായി ഗംഭീർ പിന്നീട് ട്വിറ്ററിൽ കുറിച്ചു. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷായുടെ നേതൃത്വം രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീർ ട്വീറ്റ് ചെയ്തു. ബിജെപിയുടെ മുൻ എംപിയായിരുന്നു ഗംഭീർ. എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി സജീവരാഷ്ട്രീയം വിട്ട് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഗൗതം ഗംഭീർ പ്രഖ്യാപിച്ചു.
ദില്ലിയിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ ആറിലും ബിജെപി പുതുമുഖങ്ങളെ പരീക്ഷിച്ചതോടെ ഗംഭീറിന് സീറ്റ് കിട്ടില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതുകൂടി മുൻകൂട്ടി കണ്ടാണ് ഗംഭീർ രാഷ്ട്രീയം വിട്ടതെന്ന് സൂചനയുണ്ടായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെൻററായിരുന്ന ഗംഭീർ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടത്.
പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഗൗതം ഗംഭീർ ചില ഉപാധികൾ മുന്നോട്ടുവെച്ചിരുന്നുവെന്നും ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അമിത് ഷായുടെ മകൻ ജയ്ഷായാണ് ബിസിസിഐ ജനറൽ സെക്രട്ടറി. സപ്പോർട്ട് സ്റ്റാഫായി താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീർ ബിസിസിഐക്ക് മുന്നിൽവെച്ച പ്രധാന ഉപാധി. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ സപ്പോർട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവർ രാഹുൽ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴാണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി എത്തിയത്.