ഹോളിവുഡ് ഇതിഹാസ താരം മോര്ഗന് ഫ്രീമനും ഗാനിം അല്‍ മുഫ്താഹും തമ്മിലുള്ള സംഭാഷണം ലോകകപ്പ് ഉദ്ഘാടന വേദിയിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായിരുന്നു. ബാല്യകാലത്തിനപ്പുറം ഈ കുഞ്ഞ് ജീവിക്കാനിടയില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെ ഗാനിം അല്‍ മുഫ്താഹ് ആദ്യം മറികടന്നത് ആത്മവിശ്വാസത്തോടെയാണ്. പിന്നീട് സ്കൂള്‍ പഠന കാലത്തെ സഹപാഠികളുടെ കളിയാക്കലുകള്‍, ശാരീരിക ബുദ്ധിമുട്ടുകൾ , അങ്ങനെ പലതും മുഫ്താഹിന് നേരിടേണ്ടിവന്നു. ആത്മവിശ്വാസം കൈമുതലാക്കി ആയിരങ്ങള്‍ക്ക് ജീവിക്കാന്‍ സ്വയം പ്രചോദനമായി മാറുകയായിരുന്നു ഗാനിം. ഇന്ന് ലോകം ഒരു ഫുട്ബോളായി കറങ്ങുമ്പോള്‍ അതിൻ്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് പരിമിതികളെ കരുത്താക്കിയ ഗാനിം. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ അംബാസിഡറാണ് ഇന്ന് ഗാനിം അല്‍ മുഫ്താഹ് എന്ന ഇരുപതുകാരൻ.
മോര്ഗന് ഫ്രീമനെ ഹൃദയം കൊണ്ട് തൊടുന്ന ഗാനിം അല്‍ മുഫ്താഹെന്ന യുവാവിൻ്റെ ചിത്രങ്ങള്‍ ലോകത്തെ മുഴുവൻ അതിശയിപ്പിച്ചു. അരയ്ക്ക് താഴേക്ക് വളര്‍ച്ചയില്ലാതാക്കുന്ന ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോമിന് മുന്നില്‍ ഗാനിം, അടിപതറാതെ ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷയുടെ വഴി കാട്ടിക്കൊടുത്തു. ലോകകപ്പ് ഉദ്ഘാടന വേദിയില്‍ വച്ച് ഗാനിം പറഞ്ഞ ഓരോ വാക്കുകളും ശക്തവും ആവേശകരവുമായിരുന്നു.
വേദിയില്‍ വച്ച് മോര്ഗന് ഫ്രീമൻ്റെ ശ്രദ്ധേയമായ ഒരു ചോദ്യത്തിന് മുഫ്താഹ് നല്കിയ മറുപടിയാണ് കൈയടി നേടുന്നത്. വൈവിധ്യത്തെക്കുറിച്ചുള്ള ഒരു ഖുറാന് വാക്യം പറഞ്ഞുകൊണ്ടാണ് മുഫ്താഹ് സംഭാഷണം ആരംഭിച്ചത്. അല്ലാഹുവിൻ്റെ മുന്നില്‍ ഏറ്റവും നീതിമാനാണ് ഏറ്റവും നല്ലവനെന്നും അല്ലാഹു അറിയുന്നവനും അറിയിക്കുന്നവനുമാകുന്നുവെന്നും അര്‍ത്ഥം വരുന്ന വാക്യമാണ് മുഫ്താഹ് പറഞ്ഞത്. അംഗീകാരം ഒന്നിന് മാത്രമെങ്കില്‍ നാനാ രാജ്യങ്ങളും സംസ്കാരങ്ങളും ഭാഷകളും ഭൂമിയില്‍ എങ്ങനെയാണ് വളര്‍ച്ച പ്രാപിക്കുകയെന്ന് ഫ്രീമന്‍ ചോദിക്കുകയും ചെയ്തു.
ഞങ്ങള്‍ ഈ ഭൂമിയില്‍ രാഷ്ട്രങ്ങളും ഗോത്രങ്ങളും ആയി ചിതറിക്കിടക്കുന്നുവെന്ന് വിശ്വസിച്ചാണ് വളര്‍ന്നത്. ഓരോന്നില്‍നിന്നും നമുക്ക് പഠിക്കാനുണ്ട്. ഓരോന്നിൻ്റെയും വൈവിധ്യവും സൗന്ദര്യവും മനസിലാക്കി സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി എല്ലാവരും ഒരുമിച്ച് ജീവിക്കാമെന്ന് ഗാനിം മുഫ്താഹ് മറുപടി പറഞ്ഞു. വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറായ, സമൂഹ മാധ്യമങ്ങളിലെ താരമായ മുഫ്താഹെന്ന 20 വയസുകാരനെ ഏപ്രില്‍ മാസത്തിലാണ് ഫിഫ വേള്‍ഡ് കപ്പ് അംബാസിഡറായി തെരഞ്ഞെടുക്കുന്നത്. ലോകകപ്പിൻ്റെ ദി കാളിങ് എന്ന ഓപ്പണിംഗ് സെറിമണിയിലാണ് ഗാനിം മുഫ്താഹ് മോര്ഗന് ഫ്രീമനൊപ്പം വേദി പങ്കിട്ട നിമിഷം ശ്രദ്ധേയമായത്.
സംരംഭകനും മനുഷ്യസ്നേഹിയുമായ ഗാനിം ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന രോഗവുമായാണ് ജനിച്ചത്. അരയ്ക്ക് താഴേക്ക് വളര്‍ച്ച മുരടിക്കുന്ന അസുഖമാണിത്. ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച് സ്കൂബ ഡൈവിംഗ്, സ്കേറ്റിംഗ്ബോര്‍ഡ്, റോക്ക് ക്ലൈംബിംഗ് എന്നിവ പരിശീലിച്ച മുഫ്താഹിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങൡലൂടെ ഉള്‍പ്പെടെ പുറത്തെത്തിയത് ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമായി. സ്കൂള്‍ കാലത്തുതന്നെ കൈയില്‍ പ്രത്യേക തരത്തിലുള്ള ഷൂ അണിഞ്ഞ് മറ്റുകുട്ടികള്‍ക്കൊപ്പം മുഫ്താഹും ഫുട്ബോള്‍ കളിക്കുമായിരുന്നു. സ്കൂളില്‍ കുട്ടികള്‍ തന്നോട് കാണിക്കുന്ന അകല്‍ച്ച വേദനിപ്പിച്ചപ്പോള്‍ ഗാനിം അമ്മയോട് പറഞ്ഞു. രോഗത്തിന്റെ സവിശേഷതകളും പരിമിതികളും സാധ്യതകളെയും പറ്റി അമ്മ മകന് വിശദീകരിച്ച് കൊടുത്തു. കാര്യങ്ങള്‍ ബോധ്യപ്പെട്ട മുഫ്താഹ് പിറ്റേ ദിവസം മുതൽ സ്കൂളിലെത്തി ഇക്കാര്യങ്ങള്‍ തൻ്റെ സഹപാഠികളോട് തുറന്ന് സംസാരിക്കുകയും അവരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.