മുപ്പത്തിനാലു വർഷം മുമ്പ് ഭർത്താവിനൊപ്പം ഖത്തറിലെത്തിയ കുട്ടനാട്ടുകാരി ഷീല ഫിലിപ്പോസ് ഇന്ന് രാജ്യത്തുടനീളം ദോഹബ്യൂട്ടി ക്ലിനികെന്ന 15 സ്ഥാപനങ്ങൾ നടത്തുന്ന ബിസിനസ്സ് സംരംഭകയാണ്. ഈ മേഖലയിൽ ഖത്തറിൽ ആദ്യമായി സ്ഥാപനം തുടങ്ങുന്ന സംരംഭകയെന്ന നേട്ടവും ഷീല ഫിലിപ്പോസിനാണ്.ഇന്ന് 150തോളം ജീവനക്കാരാണ് ദോഹബ്യൂട്ടി ക്ലിനിക്കിനുളളത്.ആ 150ത് സ്റ്റാഫുകളും താൻ പ്രസിവിക്കാത്ത തന്റെ മക്കളാണെന്നാണ് ഷീല പറയുന്നത്.രാജകുടുംബാംഗങ്ങളിലെ സ്ത്രീകളടക്കം ആയിരക്കണക്കിനു ഉപഭോക്താക്കളാണ് ദോഹബ്യൂട്ടി ക്ലിനിക്കിനുളളത്.ചെറുപ്പം മുതലേ അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ട്ടപ്പെട്ട കുട്ടനാട്ടുകാരി പെൺകുട്ടി, കല്യാണം കഴിഞ്ഞ് ഖത്തറിൽ ഭർത്താവിനൊപ്പം എത്തിയപ്പോൾ നാല് ചുവരുകൾക്കുളളിൽ ഒതുങ്ങി കൂടാൻ തയ്യാറായില്ല. തന്റെ പാഷൻ ഇഷ്ട്ടം കരിയറാക്കി മാറ്റാൻ തീരുമാനിച്ചു, കഠിനമായി പരിശ്രമിച്ചു.
വശമില്ലാതെയിരുന്ന അറബി ഭാഷ ഒരു മാസം കൊണ്ട് പഠിച്ചു. ഇന്ന് അഭിമാനത്തോടെ ഷീല ഫിലിപ്പോസിന് പറയാനാകും താൻ വിജയ ചരിത്രംകുറിച്ച ഒരു സംരംഭക തന്നെയെന്ന്.കസ്റ്റമേഴ്സിന്റെ കൈയ്യിൽ നിന്നും വാങ്ങുന്നത് ഒരു രൂപയാണെങ്കിൽ പോലും നൂറ്റിയൊന്ന് ശതമാനം അതിന് തിരിച്ച് സേവനം നൽകണെമന്ന് ഷീലയ്ക്ക് നിർബന്ധമാണ്.അത്കൊണ്ട് തന്നെ സ്വന്തം എക്സ്പീരിയൻസിലൂടെ നല്ലതെന്ന് ഉറപ്പായ ഹെർബൽ പ്രൊഡക്റ്റ്സാണ് ഷീല ദോഹബ്യൂട്ടി ക്ലിനിക്കിൽ ഉപയോഗിക്കുന്നതും. ജിസിസിയിൽ സ്വാധീനമുള്ള ഈ വനിതാസംരംഭക നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
മുപ്പതിലേറെ അനാഥ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന ഷീല അത്ഭുതദ്വീപെന്ന സിനിമ നിർമ്മിച്ചുകൊണ്ട് അകറ്റി നിർത്തപ്പെട്ട സമൂഹത്തെ വെള്ളിത്തിരയിലേക്കെത്തിച്ചു.കൂടാതെ, ഏത് ജോലി ചെയ്താലും ആഴത്തിൽ പഠിച്ച് ചെയുക എന്ന ബിസിനസ്സ് തന്ത്രമാണ് ഷീല ഫിലിപ്പോസിന്റെ വിജയ മന്ത്രം.