അൻപതുകളിലും അറുപതുകളിലും സിനിമാ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഫ്രഞ്ച് – സ്വിസ് സംവിധായകൻ ഴാങ് ലുക് ഗോദാർഡ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചലചിത്രനിർമ്മാണ പ്രസ്ഥാനമായ നോവൽ വേഗിലെ പ്രധാന വ്യക്തിത്വമാണദ്ദേഹം. “ഞങ്ങൾക്ക് ഒരു ദേശീയ നിധിയെയാണ്, ഒരു കണ്ണിനെയാണ് നഷ്ടമായിരിക്കുന്നത് ” – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.
1930 ൽ പാരിസിലെ സെവൻത് അറോണ്ടിസ്മെന്റിൽ സമ്പന്നകുടുംബത്തിൽ ജനിച്ച ലുക് നിരൂപകനായാണ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് നടൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സിനിമാട്ടോഗ്രാഫർ, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. സിനിമകളിലെ ഐക്കണോക്ലാസ്റ്റിക്, മെച്ചപ്പെട്ട ചിത്രീകരണ ശൈലി, വളച്ചൊടിക്കാത്ത റാഡിക്കലിസം എന്നിവയ്ക്ക് പേരുകേട്ട വ്യക്തിയാണ് ലുക്. 1960 കളിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട സിനിമകളിലൂടെ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പിന്നീട് ഓസ്കാർ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2021 ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. ശാരീരിക ബുദ്ധി മുട്ടുകൾ മൂലം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ലുക് വീഡിയോ കോളിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.