പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തിയ പി.എഫ്.ഐ ആരോപണത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഡി.ജി.പിക്ക് പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്. ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലും സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുമാണ് സുരേന്ദ്രന്റെ ആരോപണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുള്‍ റഹീം നല്കിയ പരാതിയില്‍ പറയുന്നു.
സുരേന്ദ്രന്റെ പ്രസ്താവനയില്‍ സര്‍ക്കാരോ ഇടതുപക്ഷമോ നിയമനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പരാതി നല്‍കുന്നതെന്നും ആദില്‍ പറഞ്ഞു.
‘മന്ത്രി മുഹമ്മദ് റിയാസിന് പി.എഫ്.ഐ ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദികളുടെ വോട്ട് നേടാനാണെന്നുമുള്ള കെ. സുരേന്ദ്രന്റെ പ്രസ്താവന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ വംശീയമായ അധിക്ഷേപിക്കുന്നതിനും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. മന്ത്രിയായിട്ടുപോലും മുസ്ലീമാണെന്ന ഒറ്റക്കാരണത്താല്‍ തീവ്രവാദിയെന്ന് വിളിക്കുന്നത് സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതുമാണ്,’ പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 11നാണ് കെ സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റിയാസിനെതിരായ വിവാദ പരാമര്‍ശം നടത്തിയത്. മുഹമ്മദ് റിയാസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം പുലര്‍ത്തുന്ന ആളാണ്. സി.പി.ഐ.എം ഇപ്പോള്‍ ഇദ്ദേഹത്തെ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെ ആക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി ആ വിഭാഗത്തിന്റെ വോട്ടു കിട്ടാന്‍ വേണ്ടിയാണെന്നുമാണ് സുരേന്ദ്രന് ആരോപിച്ചത്. റിയാസും സി.പി.ഐ.എമ്മും അവസരം മുതലെടുത്ത് മുസ്ലീം സമുദായത്തിനിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി പോളറൈസേഷന് ശ്രമിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.