യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യയുമായി കൂട്ടിച്ചേർക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സ്ഥിരീകരിച്ചു. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച ഹിതപരിശോധന ആരംഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പൂർത്തിയായത്. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ റഷ്യയുടെ ഭാഗമാകാൻ സമ്മതമറിയിച്ചെന്നാണു പുടിൻ അവകാശപ്പെട്ടത്. യുക്രെയ്നിന്റെ 15 ശതമാനത്തോളം ഉൾപ്പെടുന്നതാണ് ഈ മേഖലകൾ.
മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ സാന്നിധ്യത്തിൽ നാല് പ്രവിശ്യകളെയും റഷ്യയുടെ ഭാഗമാക്കും. ഇന്ന് നടക്കുന്ന ചടങ്ങിൽ നാല് പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഒപ്പുവയ്ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കരടുനിയമം തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.
അതേസമയം ഹിതപരിശോധന തട്ടിപ്പാണെന്നു യുക്രെയ്നിനു പുറമേ യുഎസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചു. കൂട്ടിച്ചേർക്കുന്ന പ്രവിശ്യകളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ കയ്യടക്കിയ വടക്കുകിഴക്കൻ പ്രദേശങ്ങൾ യുക്രെയ്ൻ സേന തിരിച്ചുപിടിക്കാൻ തുടങ്ങിയതോടെയാണ് റഷ്യ കൂട്ടിച്ചേർക്കൽ നടപടിയുമായി മുന്നോട്ട് വന്നത്. 2014 ൽ ക്രൈമിയ കൂട്ടിച്ചേർക്കാനും റഷ്യ ഇതേ രീതിയാണു സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള ലിമാനിനു ചുറ്റുമുള്ള കൂടുതൽ ഗ്രാമങ്ങൾ യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 12 വയസ്സുള്ള ബാലിക ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടെന്നും യുക്രെയ്ൻ വക്താവ് അറിയിച്ചു. ഇതിനിടെ റഷ്യയിൽനിന്ന് ജർമനിയിലേക്കു ഇന്ധനം കൊണ്ടുപോകുന്ന ബാൾട്ടിക് കടലിലൂടെയുള്ള നോഡ് സ്ട്രീം പൈപ്പ് ലൈനിൽ നാലാം തവണയും ചോർച്ചയുണ്ടായി. ഈ സംഭവത്തിനു പിന്നിൽ റഷ്യയാണെന്നാണ് യുക്രൈന്റെ നിലപാട്.