റിയാദ് വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു മലയാളികളെയും കണ്ടെത്തി. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയുമാണ് അറസ്റ്റിലായത്.
തൃശൂര്‍, പരപ്പനങ്ങാടി സ്വദേശികളെയാണ് കണ്ടെത്തിയത്. ജിസാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃശൂര്‍ സ്വദേശി റിയാദില്‍ അറസ്റ്റിലായത്. യാത്രയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടാവുകയും വിമാനത്തിനകത്ത് വെച്ച് പ്രശ്നമുണ്ടാക്കുകയും ചെയ്തതോടെ റിയാദ് പൊലീസിന് കൈമാറുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായതായി സൗദി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.
ഇയാള്‍ക്ക് നേരത്തെ തന്നെ മാനസിക അസ്വസ്ഥതയുണ്ടായിരുന്നു. അസുഖം ബാധിച്ച് പൊലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ വ്യക്തി കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെ പൊലീസ് കേസുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. കോഴിക്കോട് നിന്ന് സൗദിയിലെ അബഹയിലേക്ക് പോകാനായി റിയാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. മുമ്പ് സൗദിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഗ്രോസറി ഷോപ്പില്‍ കേടായ സാധനങ്ങള്‍ വിറ്റ കേസില്‍ ഇയാള്‍ നിയമനടപടി നേരിടുകയും ചെയ്തിട്ടുണ്ട്. ഒരു ഉപഭോക്താവ് നല്കിയ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഇതുവരെ അവസാനിച്ചിട്ടില്ല.
വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത ഇയാളെ അഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.