പാക്കിസ്ഥാൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയും ആയ പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്.
പാകിസ്താനിലെ പട്ടാളമേധാവി കൂടിയായിരുന്ന പർവേസ് മുഷറഫ് 1999 ഒക്ടോബർ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി. 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്.
2016 മാർച്ച് മുതൽ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണിത്.