കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെ തേടി വീണ്ടും ദുരന്തം. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ വച്ച് ശ്രുതിയും ബന്ധുക്കളും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസൺ നിലവിൽ വെൻ്റിലേറ്ററിലാണ്.
അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ ശ്രുതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശ്രുതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ജെൻസണിൻ്റെ ആരോഗ്യനില അപ്രവചനീതമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തലയ്ക്ക് ആഴത്തിലേറ്റ പരിക്കാണുള്ളത്. ആന്തരിക രക്തസ്രവം നില കൂടുതൽ വഷളാക്കി. രക്തസമ്മർദ്ദം കൂടുന്നതും വെല്ലുവിളിയാണ്. തീർത്തും അപ്രവചനീതമായ നിലയിലാണ് ജെൻസണിൻ്റെ ആരോഗ്യസ്ഥിതിയെന്നും പൂർണ ആരോഗ്യത്തോടെ തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത വിരളമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശ്രുതിയും ജിൻസണും കൂടാതെ വാനിലുണ്ടായിരുന്ന അഞ്ച് പേർക്കുംബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്. ജെൻസന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം ശ്രുതിയുടെ കുടുംബത്തെ തേടിയെത്തിയത്. ഒറ്റ രാത്രിയിൽ അനാഥമായി പോയ ശ്രുതിക്ക് താങ്ങും തണലുമായി ഒപ്പം നിന്നത് ജെൻസണായിരുന്നു. ഡിസംബറിൽ വിവാഹം നടത്താനുള്ള ആലോചകൾക്കിടെയാണ് മരണം അവരെ തേടിയെത്തിയത്.