ജിദ്ദ: മുൻ ഫുട്ബാൾ താരം സുൽഫീക്കർ അന്തരിച്ചു. 62 വയസ്സായിരുന്നു. ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്നു സുൽഫീക്കർ. മലപ്പുറം വണ്ടൂർ പഴയ ചന്തക്കുന്ന് സ്വദേശിയാണ്. മലപ്പുറം ജില്ല ഫുട്ബാൾ ടീമിന്റെ പ്രതിരോധ നിരയിൽ കളിച്ചിരുന്ന സുൽഫീക്കർ പിന്നീട് ജിദ്ദയിലെ സിഫ് ലീഗ് ടൂർണമെന്റുകളിലും കളിക്കാൻ ഇറങ്ങിയിരുന്നു. എ.സി.സി ഫുട്ബോൾ ടീമിൽ തുടക്കകാലം മുതൽ സുൽഫീക്കറിൻ്റെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യം കളിക്കാരനായും പിന്നീട് സംഘാടകനായും ടീം മാനേജറായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.
ജിദ്ദയിൽ സുഹൈർ ഫായസ് എന്ന കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മൂന്ന് വർഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സുൽഫീക്കർ നാട്ടിലേക്ക് മടങ്ങി പോയിരുന്നു. പരേതനായ ഏലാട്ടുപറമ്പിൽ അബുവാണ് പിതാവ്. ഭാര്യ: മുംതാസ്. മക്കൾ: റംസി, ശാമിൽ, നൈഷ. മരുമകൾ: നാശിദ. സഹോദരങ്ങൾ: സിദ്ദീഖ്, കമാൽ, ഉമ്മർ, ബാപ്പു, ഷംസുദ്ദീൻ, ഖമറുദ്ദീൻ, ഖദീജ, ജമീല, ഫൗസിയ, ആയിശു,
മൃതദേഹം തിങ്കളാഴ്ച രാവിലെ വണ്ടൂർ പള്ളിക്കുന്ന് പള്ളി മഖ്ബറയിൽ ഖബറടക്കി. ഇദ്ദേഹത്തിന്റെ പേരിലുള്ള ജനാസ നമസ്കാരവും അനുശോചന യോഗവും വെള്ളിയാഴ്ച മഗ്രിബ് നമസ്കാരാനന്തരം ജിദ്ദ റുവൈസിൽ നടക്കുമെന്ന് സുഹൃത്തുകൾ അറിയിച്ചു.