റിയാദ്: ആഗോള ഹബ്ബാക്കി സൗദ്ദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ തരം വിസ പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ. വിവിധ രംഗങ്ങളിലെ വിദഗ്ദ്ധരേയും പ്രൊഫഷണലുകളേയും ആകർഷിക്കുകയും കൂടുതൽ നിക്ഷേപം രാജ്യത്ത് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അഞ്ച് തരം വിസകൾ സൗദ്ദി അറേബ്യ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമീയം റെസിഡൻസി എന്ന വിശേഷണത്തോടെയാണ് പുതിയ വിസയെ സൗദ്ദി അവതരിപ്പിക്കുന്നത്.
കൂടുതൽ തൊഴിലവസരങ്ങൾ, സങ്കേതിക മുന്നേറ്റം, കൂടുതൽ നിക്ഷേപം എന്നിങ്ങനെ പല തരം അജൻഡകളും പുതുക്കിയ വിസാ നയത്തിന് പിന്നിലുണ്ട്. സ്പെഷ്യൽ ടാലന്റ്, ഗിഫ്റ്റഡ്, ഇൻവെസ്റ്റർ, എന്റർപ്രണർ, റിയൽ എസ്റ്റേറ്റ് ഓണർ എന്നീ വിസകളാണ് സൗദ്ദിയിലെ സ്ഥിരതാമസത്തിനായി സൗദ്ദി അവതരിപ്പിക്കുന്നത്. പുതിയ വിസകൾ പ്രൊഫഷണലുകൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്കും പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന നിക്ഷേപകർക്കും ഗുണപ്രദമാകുമെന്നാണ് കരുതുന്നത്.
സൗദി വിഷൻ 2030 ന് കീഴിൽ സൗദി അറേബ്യയുടെ മുന്നോട്ടുള്ള യാത്രയിൽ രാജ്യത്തിനും സൗദ്ദി സമൂഹത്തിനും ഗുണം ചെയ്യാൻ സാധിക്കുന്ന വിദേശികളെ രാജ്യത്ത് എത്തിക്കാൻ പുതിയ വിസ സംവിധാനം ഉപകാരപ്പെടുമെന്ന് പ്രീമിയം റെസിഡൻസി സെന്റർ ബോർഡ് ചെയർമാൻ ഡോ മജീദ് ബിൻ അബ്ദുല്ല അൽകസാബി പറഞ്ഞു. അതേസമയം ഈ അഞ്ച് പുതിയ വിസകളുടെ കാലാവധിയെക്കുറിച്ചോ അവ ലഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും സംരംഭകർക്കും വേണ്ടിയുള്ള അനുബന്ധ ചെലവുകളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
1. സ്പെഷ്യൽ ടാലൻ്റ് വിസ – ആരോഗ്യ സംരക്ഷണം, ശാസ്ത്രം, ഗവേഷണം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ എക്സിക്യൂട്ടീവുകൾക്കും പ്രൊഫഷണലുകൾക്കും സ്പെഷ്യൽ ടാലൻ്റ് റെസിഡൻസി വിസ നൽകും. അറിവിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും സംഭാവന ചെയ്യാൻ കഴിയുന്ന അതുല്യമായ കഴിവുകളും അനുഭവങ്ങളുമുള്ള വ്യക്തികളെ ഈ വിസയിലൂടെ സൗദി സ്വീകരിക്കും.
2. ഗിഫ്റ്റഡ് ടാലൻ്റ് വിസ – കായിക- സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവർക്കാവും ഈ വിസയ്ക്ക് അർഹത
3. ഇൻവസ്റ്റേഴ്സ് വിസ – സൗദ്ദിയിൽ നിക്ഷേപം നടത്താനോ വ്യവസായം തുടങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ഈ വിസയ്ക്ക് അർഹതയുണ്ടാവും.
4. എൻ്റർപ്രണർ വിസ – സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന സംരംഭകർക്കാവും ഈ വിസയ്ക്ക് അർഹത
5. റിയൽ എസ്റ്റേറ്റ് വിഭാഗം – സൗദ്ദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്താൻ തയ്യാറുള്ളവർക്കാവും ഈ വിസയ്ക്ക് അർഹത